Society Today
Breaking News

കോഴിക്കോട്: ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും, അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഹൃദ്‌രോഗവിദഗ്ധരുടെ പതിനൊന്നാമത് വാര്‍ഷിക സമ്മേളനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്നു.ഹൃദ്‌രോഗ ശാസ്ത്രശാഖയായ ഇലക്‌ട്രോ ഫിസിയോളജി  പ്രതിനിധീകരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ (ഹാര്‍ട്ട് റിഥം സ്‌പെഷ്യലിസ്റ്റ്) സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് (കെ.എച്ച്.ആര്‍.എസ്)  സമ്മേളനത്തിന്റെ സംഘാടകര്‍.സമ്മേളനം കെ.എച്ച്.ആര്‍.എസ് പ്രസിഡന്റ് ഡോ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു.ക്രമം തെറ്റിയ ഹൃദയമിടിപ്പും അതിന്റെ സങ്കീര്‍ണതകളും വരുത്തുന്ന അപകടങ്ങളെപറ്റി പൊതുജനാവബോധം  ആവശ്യമാണ്. നേരത്തെ രോഗനിര്‍ണ്ണയം നടത്തി ചികിത്സ തേടേണ്ടവയാണിവ. അന്‍പത് ശതമാനത്തോളം ഹൃദ്‌രോഗ സംബന്ധമായ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഡോ.നാരായണന്‍ നമ്പൂതിരി പറഞ്ഞു.

ഹൃദയമിടിപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിശബ്ദമായി കടന്നുവരുന്നതിനാല്‍ മരണകാരണമെന്ന നിലയില്‍ അത് കൃത്യമായി രേഖപ്പെടുത്തുന്നില്ല. രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയാത്തത്, അടിയന്തിര വൈദ്യസഹായം ലഭ്യമാകാതെ വരുന്നതുമെല്ലാം ഈ ഗുരുതരമായ പ്രശ്‌നത്തെ അര്‍ഹമായ ഗൗരവത്തോടെ കാണാന്‍കഴിയാതെ പോകുന്നു.  സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്   ആരോഗ്യമേഖല   ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഹൃദയ താളം തകരാറുകള്‍ രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്‌ട്രോഫിസിയോളജിയിലും പേസിംഗിലുമുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ദ്വിദിന ശാസ്ത്ര സമ്മേളനം ചര്‍ച്ച ചെയ്തു.ചികിത്സ തേടേണ്ട ഹൃദയത്തിന്റെ താളക്രമം പ്രശ്‌നങ്ങള്‍  ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അനീസ് താജുദീന്‍ വിശദീകരിച്ചു.

ഹൃദയപേശികളിലെ കോശങ്ങള്‍  വൈദ്യുത സിഗ്‌നല്‍ കൈമാറുന്നതിന്റെ ഫലമാണ് ഹൃദയമിടിപ്പ്. ഇത് ക്രമം തെറ്റുന്നതാണ്  ഹൃദയത്തിന്റെ താളം നഷ്ടപ്പെടുത്തുന്നത്.ഹൃദയത്തിന്റെ മുകളിലെ അറകളുടെ  ക്രമരഹിതമായ സ്പന്ദനം (ഏട്രിയല്‍ ഫൈബ്രിലേഷന്‍) ഇവയില്‍ ഏറ്റവും സാധാരണവും ഗുരുതരവുമാണ്. ഈ അവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കില്ല.  സ്‌ട്രോക്കിന്റെയോ ഹൃദയാഘാതത്തിന്റെയോ വരവോടെയാണ് പലപ്പോഴും ഇത് തിരിച്ചറിയുന്നത് , ഡോ. അനീസ് താജുദീന്‍ പറഞ്ഞു.ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.അശോകന്‍ പി.കെ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.അനീസ് താജുദീന്‍, സെക്രട്ടറി ഡോ.ഭീം ശങ്കര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.പുതിയ മരുന്നുകള്‍ക്കുപുറമെ പേസ് മേക്കര്‍, ഡീഫിബ്രിലേറ്റര്‍ എനിവയിലെ അതി നൂതന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ശാസ്ത്ര സെഷനുകള്‍ നടന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന   ഭാഗങ്ങളിലെ   അപാകതകള്‍ പരിഹരിക്കുന്ന അബ്ലേഷന്‍ ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.അശോകന്‍ പി.കെ, പറഞ്ഞു.

വൈദ്യുത സിഗ്‌നലുകള്‍ തെറ്റായി പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുന്ന ഹൃദയപേശികളിലെ കോശങ്ങളെ ഇത് തിരഞ്ഞെടുത്ത് നിര്‍വീര്യമാക്കുന്നു. ഹൃദയത്തിനകത്തേക്ക് നേര്‍ത്ത ലോഹ നാരുകള്‍  അടങ്ങിയ കാത്തിറ്റര്‍ കടത്തിവിട്ട് റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്. പുതിയ മരുന്നുകള്‍, കത്തീറ്റര്‍ അബ്ലേഷന്‍ (സിഎ) ടെക്‌നിക്, ലീഡ്‌ലെസ് പേസ്‌മേക്കറുകള്‍ പോലുള്ള പുതിയ ഇംപ്ലാന്റ് ചെയ്യാവുന്ന ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രമരഹിതമായ ഹൃദയമിടിപ്പിനുള്ള മാപ്പിംഗ് സാങ്കേതികതകളും, ക്ലിനിക്കല്‍ ഇലക്‌ട്രോഫിസിയോളജിയും, ഏറ്റവും പുതിയ ചികിത്സാ രീതികളും ശാസ്ത്രീയ സെഷനുകള്‍ ചര്‍ച്ച ചെയ്തു.അന്താരാഷ്ട്ര വിദഗ്ദ്ധരും സംസ്ഥാനത്തെ  ഹൃദ്രോഗ വിദഗ്ധരും രണ്ടു ദിവസത്തെ ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Top